ചെങ്ങന്നൂർ: നവീകരണത്തിന് ലക്ഷങ്ങൾ ചെലവഴിച്ചിട്ടും മാവേലിക്കര-കോഴഞ്ചേരി റോഡിലെ പേരിശേരി റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് അറുതിയായില്ല. ഓടകൾ മാലിന്യം നിറഞ്ഞ് പൂർണമായും അടഞ്ഞതോടെ, ചെറിയ മഴ പെയ്താൽപ്പോലും അടിപ്പാത യാത്രക്കാർക്ക് ദുരിതക്കയമായി മാറുകയാണ്. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, എംസി റോഡ് എന്നിവിടങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഈ പാത. എന്നാൽ, ഇപ്പോൾ ഇതൊരു മരണക്കെണിയായി മാറിയിരിക്കുന്നു. ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് ഇവിടെ ഏറ്റവും കൂടുതൽ കുടുങ്ങുന്നത്. ഓവർബ്രിഡ്ജിൽനിന്നു മലിനജലം താഴെ പോകുന്നവരുടെ മുകളിലേക്ക് പതിക്കുന്നത് നിത്യസംഭവമാണ്.
ലക്ഷങ്ങൾ പാഴായി
2022ൽ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് അടിപ്പാതയിൽ നിർമാണ പ്രവൃത്തികൾ നടത്തിയത്.
വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മുൻപ് ഉണ്ടായിരുന്ന ഇന്റർലോക്ക് കട്ടകൾ നീക്കം ചെയ്ത് പാത പൂർണമായും കോൺക്രീറ്റ് ചെയ്യുകയായിരുന്നു. 10 മീറ്റർ നീളമുള്ള അടിപ്പാതയിലെ നിർമാണം മികച്ച രീതിയിൽ നടന്നുവെങ്കിലും തുടർന്നുള്ള പരിപാലനത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് എല്ലാം പാഴാക്കിയത്.
ഓടകൾ വൃത്തിയാക്കാൻ
സാമാന്യബോധം വേണം
മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ഓടകൾ കൃത്യസമയത്ത് വൃത്തിയാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. ഓടകൾ കാലാകാലങ്ങളിൽ വൃത്തിയാക്കണമെന്ന സാമാന്യബോധംപോലും അധികൃതർക്കു നഷ്ടപ്പെട്ടതാണ് നിലവിലെ ദുരിതത്തിന് കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
അധികൃതർ അടിയന്തരമായി ഇടപെട്ട് ഓടകൾ വൃത്തിയാക്കാനും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കാനുമുള്ള നടപടികൾ കൈകൊള്ളണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.